കേരളത്തിൽ മിക്ക വനപ്രദേശങ്ങളിലും കാണപ്പെടുന്നതും ഏതാണ്ട് 12 മീറ്റർ ഉയരത്തിൽ വളരുന്നതുമായ ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ് പുന്ന . പുന്നാഗം, പൊന്ന എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടും .പുന്ന ,ചെറു പുന്ന എന്നിങ്ങനെ രണ്ടു തരമുണ്ട് .പുന്നെയെക്കാൾ വലിയ വൃക്ഷമാണ് ചെറു പുന്ന .ചെറു പുന്നയുടെ കായ്‌കൾ പുന്നയുടെ കായ്കളേക്കാൾ വളരെ ചെറുതായിരിക്കും .പുന്നയുടെ തൊലിക്ക് കറുപ്പു കലർന്ന ചാര നിറവും തൊലിക്ക് പലയിടത്തായി വിള്ളലുകളും കാണപ്പെടും .ഇതിന്റെ ഇലകൾക്ക് നല്ല തിളക്കമുള്ള പച്ച നിറമാണ് .ഡിസംബർ മുതൽ ജാനുവരി വരെയുള്ള കാലങ്ങളിലാണ് ഈ മരം പൂക്കുന്നത് .മങ്ങിയ വെള്ള നിറത്തോടുകൂടി കുലകകളായിട്ടാണ് പൂക്കൾ ഉണ്ടാകുന്നത് .പൂക്കൾക്ക് നല്ല സുഗന്ധമുണ്ട് .ഇതിന്റെ വിളഞ്ഞ കായ്കൾക്ക് മഞ്ഞ നിറഞ്ഞ പച്ച നിറമാണ് .കായ്കളുടെ ഉള്ളിലെ മാംസള ഭാഗം പക്ഷികളുടെ ആഹാരം കൂടിയാണ് .ഇതു മൂലം വിത്ത് വിതരണവും നടക്കുന്നു .പണ്ട് കുട്ടികൾ ഗോലി കളിച്ചിരുന്നത് പുന്നക്കായ് കൊണ്ടാണ്
പുന്നയുടെ കായ്കൾ പൊട്ടിച്ചു നോക്കിയാൽ വെള്ള നിറത്തിലുള്ള പരുപ്പുണ്ട് .ഈ പരിപ്പ് ആട്ടി എണ്ണ എടുക്കുന്നു പുന്നയ്ക്ക എണ്ണ എന്ന പേരിൽ ഇതറിയപ്പെടുന്നു ,വാത രോഗങ്ങൾക്ക് പുറമെ പുരട്ടുവാൻ ഈ എണ്ണ ഉപയോഗിക്കുന്നു .വിദേശ രാജ്യങ്ങളിൽ ഈ എണ്ണ ഡോംബാ ഓയിൽ എന്ന പേരിൽ അറിയപ്പെടുന്നു .പണ്ട് മണ്ണണ്ണ വരുന്നതിന് മുൻപ് പുന്നയ്ക്ക എണ്ണ കൊണ്ടാണ് വിളക്കുകൾ കത്തിച്ചിരുന്നത് .അക്കാലത്തു കേരളത്തിൽ പുന്ന എണ്ണയ്ക്ക് നികുതി ഏർപ്പെടുത്തിയിരുന്നു ,ചില രാജ്യങ്ങളിൽ പുന്നയെ പുണ്ണ്യ വൃക്ഷമായി കണക്കാക്കപ്പെടുന്നു ഏഴിലമ്പാലയിൽ യക്ഷിയുടെ വാസസ്ഥലമാണെന്ന് പറയുന്നതുപോലെ ചില ദേവതമാർ ഈ പുന്ന മരത്തിലാണ് വസിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു .പുന്നയുമായ് ബന്ധപ്പെട്ട് കേരളത്തിലും ചില സ്ഥലങ്ങളുണ്ട് .എറണാകുളം ജില്ലയിൽ പുന്നയ്ക്കൽ ഭഗവതി ക്ഷേത്രമുണ്ട് .പുരാതന കാലത്തു ദേവിയെ പ്രതിഷ്ഠിച്ചിരുന്നത് ക്ഷേത്ര വളപ്പിലുള്ള ഒരു പുന്നമര ചുവട്ടിൽ ആയിരുന്നു പിന്നീട് പുന്നമരത്തിലെ 'അമ്മ ,പുന്നയ്ക്കലമ്മ .പുന്നയ്ക്കൽ ഭഗവതി ക്ഷേത്രം എന്നറിയപ്പെടാൻ തുടങ്ങി
പുന്നത്തടി നല്ല കട്ടിയുള്ള മരമാണ് .ഇതിന്റെ തടികൊണ്ട് ഫർണ്ണീച്ചർ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു .ഇതിന്റെ തടി വെള്ളത്തിൽ വര്ഷങ്ങളോളം കിടന്നാലും കേടുപാടുകൾ സംഭവിക്കുകയില്ല .അതുകൊണ്ടു തന്നെ പണ്ടു കാലങ്ങളിൽ ബോട്ടു നിർമ്മാണത്തിനും കപ്പൽ നിർമ്മാണത്തിനും പുന്നത്തടി ഉപയോഗിച്ചിരുന്നു .
രാസഘടകങ്ങൾ
കാലോഫില്ലോലൈഡ് ,കാലോഫില്ലിക് അമ്ലം ,ഇനോഫില്ലിക് അമ്ലം എന്നിവയാണ് പുന്നയുടെ എണ്ണയിൽ അടങ്ങിയിരിക്കുന്നു പ്രധാന രാസഘടകങ്ങൾ.പുന്നയുടെ തൊലിയിൽ ടാനിൻ അടങ്ങിയിട്ടുണ്ട് .ഇതിന്റെ തടിയിൽ നിന്ന് β അമൈറിൻ , β സിറ്റോസ്റ്റിറോൾ ,മീസോഇനോസിറ്റോൾ എന്നിവ വേർതിരിച്ചു എടുക്കുന്നു .തടിയുടെ കാതലിൽ നിന്ന് β കലോഫില്ലിൻ ,മെസുവാസാന്തോൺ എന്നിവയും വേർതിരിച്ചെടുക്കുന്ന .പുന്നയുടെ തൊലി ,കറ ,കേസരം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം ∶ Calophyllaceae
ശാസ്ത്രനാമം ∶ Calophyllum inophyllum
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Alexandrian Laurel
സംസ്‌കൃതം : പുന്നാഗഃ ,നമേരുഃ
ഹിന്ദി : സുൽത്താന ,സർപൺ
തമിഴ് : പുന്നൈയ് ,വിരൈയ്
തെലുങ്ക് : പുന്നവിട്ടുളു
രസാദിഗുണങ്ങൾ
തൈലം
രസം : കഷായം
ഗുണം : ലഘു, സ്നിഗ്ധം
വീര്യം : ഉഷ്ണം
വിപാകം : കടു
ഔഷധഗുണങ്ങൾ
പുന്ന മരത്തിന്റെ തൊലിയിലെ കറയ്ക്ക് വ്രണങ്ങളേ കരിയിക്കാനുള്ള കഴിവുണ്ട് ,പുന്നക്കായ് നിന്നും എടുക്കുന്ന എണ്ണയ്ക്ക് വേദന ശമിക്കാനുള്ള കഴിവുണ്ട് ,അതിസാരം ശമിപ്പിക്കും പുന്നയുടെ ഇലയുടെ നീരിന് തിമിരത്തെ ഇല്ലാതാക്കും ,പ്രവാഹിക ശമിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
① പുന്നക്കയിൽ നിന്നും എടുക്കുന്ന എണ്ണ പുറമെ പുരട്ടിയാൽ വാത രോഗങ്ങൾ ശമിക്കും
⓶ പുന്നയുടെ തൊലി കഷായം വച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടു നേരം കഴിച്ചാൽ അതിസാരം ,പ്രവാഹിക ( രക്തവും ,കഫവും ചേർന്ന് അൽപ്പാൽപ്പമായി ദിവസം പല പ്രാവിശ്യം മലം പോകുന്ന രോഗം ) എന്നിവ ശമിക്കും
③ പുന്നയുടെ വേരിലെ തൊലി ചതച്ച് നീരെടുത്ത് വിനാഗിരിയിൽ ചാലിച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും
④ പുന്നയുടെ പൂവും ,കരിങ്ങാലിക്കാതൽ , ,നാഗപ്പൂവ് ,കുങ്കുമം എന്നിവ അരച്ച് എണ്ണകാച്ചി വൃണങ്ങളിൽ പുരട്ടിയാൽ പഴകിയ വ്രണങ്ങളും സുഖപ്പെടും
⑤ പുന്നമരത്തിന്റെ ഇലയുടെ നീര് കണ്ണിലൊഴിച്ചാൽ തിമിരം ഇല്ലാതാക്കാൻ സഹായിക്കും
⑥ മുഖക്കുരു, സോറിയാസിസ്, എക്സിമ, എന്നിവയ്ക്ക് ഇതിന്റെ എണ്ണ പുറമെ പുരട്ടുന്നത് നല്ലതാണ്
⑦ പുന്നയുടെ കായ് അരച്ച് പുറമെ പുരട്ടിയാൽ ഉപ്പൂറ്റി വീണ്ടു കീറുന്നത് മാറും
⑧ പുന്നയുടെ തൊലി കഷായം വച്ച് ഗുഹ്യഭാഗം കഴുകിയാൽ ഗുഹ്യ ഭാഗത്തുണ്ടാകുന്ന അസഹനീയമായ ചൊറിച്ചിൽ മാറിക്കിട്ടും
⑨ പുന്നയുടെ ഇളം പൂവ് അരിക്കാടിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പതിവായി പുരട്ടിയാൽ കരിമംഗല്യം മാറും